aparna shaji|
Last Modified വ്യാഴം, 1 ഡിസംബര്‍ 2016 (11:24 IST)
കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സൈബര്‍ ആക്രമണം നടന്നത്. ഇന്ന് രാവിലെയാണ് അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടത്. പേജ് ഹാക്ക് ചെയ്തവർ രാഹുൽ ഗാന്ധിയ്ക്കെതിരേയും കോൺഗ്രസിനെതിരേയും മോശം വാർത്തകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ബുധനാഴ്ച വൈകുന്നേരമാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നിരവധി അശ്ലീല പോസ്റ്റുകളാണ് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. അശ്ലീല പോസ്റ്റുകള്‍ കൂടാതെ രാഹുലിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. തന്റെ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട് എന്നായിരുന്നു പോസ്റ്റുകളില്‍ ഒന്ന്.
ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തു കളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് രാഹുല്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.