രേണുക വേണു|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (21:39 IST)
Pinarayi Vijayan: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവിതം പറയുകയാണ്. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍ക്കു അത്രകണ്ട് ക്ഷമയോടെ ഇരിക്കാന്‍ കഴിയാത്ത കുട്ടികള്‍ പിണറായി പറയുന്ന ഓരോ വാക്കിനും കാതുകള്‍ കൂര്‍പ്പിക്കുന്നു. 'നല്ല വസ്ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഒറ്റ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങി. റൊട്ടി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം,' തുടര്‍ച്ചയായി പത്ത് വര്‍ഷം മുഖ്യമന്ത്രി കസേരയിലിരുന്ന ഒരാളുടെ നിറംമങ്ങിയ വിദ്യാര്‍ഥി ജീവിതമാണ് കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളോടു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ച് മനസുതുറന്നത്.
പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെ:
വിദ്യാഭ്യാസത്തിന്റെതായ പിന്‍ബലമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. അച്ഛന്‍ ചെത്തുതൊഴിലാളിയാണ്. അമ്മ സാധാരണ വീട്ടുതൊഴിലും കാര്‍ഷിക വൃത്തിയും ചെയ്യുന്ന സാധാരണ സ്ത്രീ. വളരെ സാധാരണ ഒരു കുടുംബം. ഒരു അഞ്ചാം തരം പഠനം കഴിഞ്ഞപ്പോള്‍ ആദ്യത്തെ വെല്ലുവിളി വരികയാണ്. ഇനി പഠിക്കണ്ട, പഠിച്ചിട്ടെന്താ കാര്യം എന്നാണ് അന്നത്തെ ചിന്ത. അന്ന് നാട്ടില്‍ ബീഡി കെട്ടുണ്ട്. വലിയ ആളുകള്‍ ബീഡി തെറിക്കും കുട്ടികള്‍ അത് കെട്ടി കൊടുക്കും. അഞ്ചാം തരം കഴിഞ്ഞപ്പോള്‍ ബീഡി കെട്ടാന്‍ പോയാല്‍ മതി എന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
ആ സമയത്ത് ഞാന്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ അമ്മയെ വിളിച്ചു. ഈ കുട്ടി തുടര്‍ന്നു പഠിക്കണം, പഠിക്കുന്നിടത്തോളം പഠിക്കണം. എന്നാല്‍ അന്നത്തെ കാലംവെച്ച് ആദ്യത്തെ സമ്മര്‍ദ്ദത്തിനാണു വീട്ടുകാര്‍ വഴങ്ങിയത്. അങ്ങനെ എന്നെ ബീഡി പണിക്കാരനായ അകന്ന ഒരു ബന്ധുവിന്റെ അടുത്ത് കൊണ്ടാക്കി. ആ ബന്ധു പക്ഷേ ഞാന്‍ ഇനിയും പഠിക്കട്ടെ എന്നാണ് വീട്ടുകാരോടു പറഞ്ഞത്. അങ്ങനെ നാട്ടിലെ പ്രധാനിയായ വേറൊരു തൊഴിലാളിയുടെ അടുത്തെത്തി. അയാളും പറഞ്ഞു, ഇവന്‍ പണിക്കൊന്നും പോകണ്ട, തുടര്‍ന്ന് പഠിക്കട്ടെ എന്ന്. അങ്ങനെ അമ്മ എന്നെ തുടര്‍ന്നു പഠിപ്പിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ യുപി സ്‌കൂളിലെത്തി. അവിടെ ഒരു മലയാളം അധ്യാപകന്‍ ഉണ്ടായിരുന്നു. മുന്‍ഷി എന്നാണ് ഞങ്ങളൊക്കെ അദ്ദേഹത്തെ വിളിക്കുക. അദ്ദേഹം എന്നെ വിളിച്ച് എന്റെ നക്ഷത്രം ഏതാണെന്നു ചോദിച്ചു. ഞാന്‍ എന്റെ നക്ഷത്രം പറഞ്ഞു. പിന്നെ മുന്‍ഷി എന്റെ അമ്മയെ വിളിപ്പിച്ചു. അമ്മ സ്‌കൂളിലേക്കു വന്നു. അദ്ദേഹം അമ്മയോടു എന്റെ പ്രസവസമയം ചോദിച്ചു. അമ്മ നക്ഷത്രം പറഞ്ഞു. അപ്പോള്‍ മുന്‍ഷി പറഞ്ഞു നിങ്ങള്‍ പറയുന്നതല്ല അവന്റെ നക്ഷത്രം. ഇവന്റെ നക്ഷത്രം ഞാന്‍ എഴുതി തരാം. അദ്ദേഹം എന്റെ ജാതകം എഴുതി അമ്മയുടെ കൈയില്‍ കൊടുത്തു. ഇവന്‍ എവിടെ തോല്‍ക്കുന്നോ അവിടെ നിര്‍ത്തിക്കോ, തോല്‍ക്കുന്നത് വരെ പഠിപ്പിക്കണം എന്ന് മുന്‍ഷി അമ്മയോടു പറഞ്ഞു. യഥാര്‍ഥത്തില്‍ അതാണ് എന്റെ തുടര്‍ പഠനത്തിനു ഇടയാക്കിയത്.
അന്ന് യുപി സ്‌കൂളില്‍ പൊതുപരീക്ഷയുണ്ട്. ആ പരീക്ഷയില്‍ മൂന്ന് പേരാണ് പാസായത്. അതില്‍ ഒരാള്‍ ഞാനായിരുന്നു. പിന്നീട് ഹൈസ്‌കൂളിലെത്തി. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഒരു വര്‍ഷം ഒഴിവ് വന്നു. അന്ന് അവധിക്കാലത്ത് ഭദ്രാവതിയിലുള്ള അമ്മാവന്റെ അടുത്തേക്ക് പോയതാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് അറിഞ്ഞു അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് എത്തുമ്പോഴേക്കും കോളേജ് അഡ്മിഷന്റെ സമയം കഴിഞ്ഞു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേള വന്നു. ആ ഒരു വര്‍ഷം നെയ്ത്തുപണിയെടുത്തു കുറച്ച് കാശുണ്ടാക്കി. അങ്ങനെയാണ് പിയുസിക്ക് (പ്രീഡിഗ്രിക്കു തുല്യം) ചേര്‍ന്നത്. കോളേജ് പഠനകാലത്ത് നല്ല പൊതുധാരണകള്‍ വളര്‍ന്നുവന്നു. അങ്ങനെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കു എത്തുന്നത്. കെ.എസ്.എഫ് എന്ന വിദ്യാര്‍ഥി സംഘടനയാണ് അന്ന്. അതിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.
ഇന്നത്തെ ചുറ്റുപാടല്ല അന്നത്തെ ചുറ്റുപാട്. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചില ദിവസങ്ങളില്‍ റൊട്ടി തരും. അമ്മ തന്നുവിടുന്ന ഈ ഒറൊട്ടിയാണ് ആകെ കഴിക്കാനുള്ളത്. ഉച്ചയ്ക്കു അത് കഴിക്കും. അത് ഇല്ലാത്ത ദിവസം ഒന്നും കഴിക്കില്ല. അങ്ങനെയുള്ള നാളുകളായിരുന്നു കോളേജ് വിദ്യാഭ്യാസത്തില്‍. എന്നാല്‍ ആ കാലത്തൊന്നും എന്റെ വിഷമതകള്‍ ആരോടും പറഞ്ഞിട്ടില്ല. നല്ല അഭിമാനിയായി ജീവിക്കാനാണ് ശ്രമിച്ചത്. അന്നാണ് ഒറ്റ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. അപ്പോ വേറാരും ഡ്രസിന്റെ കാര്യം ശ്രദ്ധിക്കില്ലല്ലോ. വെല്ലുവിളികളെ സാധാരണ നിലയ്ക്കു എടുത്താല്‍ മതി. തെറ്റായ വഴികളിലേക്ക് നീങ്ങാതിരുന്നാല്‍ മതി. എന്താണോ ഉള്ളത് അതുവെച്ച് ജീവിക്കാന്‍ പഠിക്കുക.