രേണുക വേണു|
Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (18:33 IST)
മുഖ്യമന്ത്രി ചൂരല്‍മലയില്‍
ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും
നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, കെ.കൃഷ്ണക്കുട്ടി, ഒ.ആര്‍.കേളു, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി.വേണു, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് വിലയിരുത്തി. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥ വിഷയത്തില്‍ കുസാറ്റിന്റെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തി ദുരന്തങ്ങള്‍ തടയേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോട്ടനാട് ഗവ. യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.