തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എം., ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ക്ക് പരിക്ക്. മേയര്‍ വി വി രാജേഷിനെ സിപിഎം കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു. മേയര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മേയറും മുതിര്‍ന്ന നേതാവുമായ വഞ്ചിയൂര്‍ ബാബുവും നിലത്തുവീണു. തന്റെ കാലിന് പരിക്കേറ്റതായി മേയര്‍ തന്നെ വെളിപ്പെടുത്തി.
ബലപ്രയോഗത്തിലൂടെ പ്രതിഷേധം അംഗീകരിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. സിപിഎം കൗണ്‍സിലര്‍മാരുടെ ഭാഗത്ത് നിന്ന് അനാവശ്യമായ പ്രകോപനമുണ്ടായി. രാവിലെ മുതല്‍ മേയറെ കാണാന്‍ എത്തിയ ആളുകളെ തടഞ്ഞു. ബിജെപി വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവരുള്‍പ്പെടെ 16 കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് സിപിഎം, ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. സിപിഎം കട്ടൈക്കോണം കൗണ്‍സിലര്‍ സിന്ധു ശശി, ബിജെപി പേരൂര്‍ക്കട കൗണ്‍സിലര്‍ ദീപ എന്നിവര്‍ക്ക് പരിക്കേറ്റു.
സിന്ധുവിന്റെ തലയ്ക്ക് പരിക്കേറ്റതിനാല്‍ നാല് തുന്നലുകള്‍ ഇടേണ്ടിവന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച പോലീസിനെയും ആക്രമിച്ചു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. അതേസമയം പ്രതിഷേധം ജനാധിപത്യപരമാണെന്ന് കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് പറഞ്ഞു.