ന്യൂഡൽഹി|
സജിത്ത്|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (09:28 IST)
ബിജെപിയുടെ ബീഫ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെആര്‍എസ് നേതാവ് സി കെ ജാനു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമുളള എന്‍ഡിഎയുടെ നേതൃയോഗത്തിലാണ് ബിജെപി നേതൃത്വം ബീഫ് പോലുള്ള തർക്കവിഷയങ്ങൾ നിരന്തരം ഉന്നയിക്കുന്നതു കേരളത്തിലെ സഖ്യകക്ഷികൾക്ക് വലിയതരത്തിലുള്ള ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി ജാനു തുറന്നടിച്ചത്.
ഇത്തരം അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കും അവര്‍ക്കായുളള പദ്ധതികള്‍ക്കുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബീഫ് വിവാദമുള്‍പ്പെടെ രാജ്യത്ത് ബിജെപിയുടെ ബീഫ് നിലപാടുകള്‍ വ്യക്തമാക്കിയായിരുന്നു സി കെ ജാനുവിന്റെ ഈ അഭിപ്രായപ്രകടനം.
കേരള കോൺഗ്രസ് നേതാവ് പി സി തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്കു തര്‍ജമചെയ്തത്. എൻഡിഎ നേതൃയോഗ വേദിയിലെ പുഷ്പാലങ്കാരത്തെ മുന്നണിയുമായി താരതമ്യം ചെയ്തുകൊണ്ട് പി സി തോമസ് നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. എന്‍ഡിഎ അധികാരത്തില്‍ വന്നശേഷം ഡല്‍ഹിയില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ 32 ഘടകകക്ഷി നേതാക്കളായിരുന്നു പങ്കെടുത്തത്.