പിണറായി വിജയനെ പുറത്താക്കാൻ കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്; ഗുരുതര ആരോപണവുമായി സിജെപി
Abhijeet Dipke and Pinarayi Vijayan
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നടന്നതുപോലെ കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. പിണറായി വിജയനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ കേരളത്തിലും ശ്രമം നടന്നതായി ദീപ്‌കെ ആരോപിച്ചു.
ദീപ്‌കെ പറഞ്ഞത്
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസാരിക്കുന്നതിനിടെയാണ് വാർത്താസമ്മേളനത്തിൽ അഭിജിത് ദീപ്‌കെ കേരളത്തിന്റെ കാര്യവും പരാമർശിച്ചത്. മമത ബാനർജിയും എം.കെ.സ്റ്റാലിനും സ്വന്തം സീറ്റുകളിൽ തോറ്റത് ദീപ്‌കെ ചൂണ്ടിക്കാട്ടി.
' പിണറായി വിജയൻ സ്വന്തം സീറ്റിൽ ജയിച്ചെങ്കിലും കേരളത്തിൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ അദ്ദേഹത്തിനു മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ശക്തരായ നേതാക്കളെ മുഴുവൻ തോൽപ്പിക്കാനാണോ ഇങ്ങനെ ചെയ്തത്?,' ദീപ്‌കെ ചോദിച്ചു.
സിജെപി പിന്തുണ ഇടതുപക്ഷത്തിന്
ദേശീയ തലത്തിൽ നരേന്ദ്ര മോദിക്കെതിരെ നിലപാട് സ്വീകരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി ഇടതുപക്ഷത്തിന് ശക്തമായ പിന്തുണയാണ് നൽകിവരുന്നത്. ജന്തർ മന്ദർ സമരത്തിലടക്കം ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ സജീവമായിരുന്നു.
രൂക്ഷ വിമർശനം
കേരളത്തിൽ സിപിഎം പരാജയപ്പെട്ടത് വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ കാരണമാണെന്നും സിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ രൂക്ഷവിമർശനമാണ് അവർ ഉന്നയിച്ചത്. കേരളത്തിന് പുറമെ ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് വോട്ടുകൾ ആസൂത്രിതമായി ഒഴിവാക്കപ്പെട്ടുവെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും സിജെപി വിമർശിച്ചു. Also Read: സോഷ്യൽ മീഡിയ അല്ലല്ലൊ ഇന്ത്യൻ ടീമിനെ തിരെഞ്ഞെടുക്കുന്നത്, ഇവിടെ കോച്ചും ക്യാപ്റ്റനുമൊക്കെയില്ലെ: ഗൗതം ഗംഭീർ
