സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടാന്‍ സെക്രട്ടറിയറ്റ് ധര്‍ണ്ണ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (18:50 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ്‌ഷോ ഇല്ലാത്തതു കാരണം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ റിലീസ് മാറ്റിവച്ചത് സിനിമാ രംഗത്തെ പ്രസിസന്ധി വര്‍ദ്ധിപ്പിക്കുന്നു എന്നും അതിനാല്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് തലസ്ഥാന നഗരിയില്‍ മാര്‍ച്ച് എട്ടിന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്താനായി ഒരുക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റര്‍ ഉടമകളും ജീവനക്കാരുമാണ് ധര്‍ണ്ണ നടത്തുക.

അന്ന് രാവിലെ പത്ത് മണിക്ക് അയ്യന്‍കാളി ഹാളിനു മുന്നില്‍ ഒത്തുചേര്‍ന്ന ശേഷം ജാഥയായി സെക്രട്ടറിയേറ്റിനു മുന്നിലെത്താനാണ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കാനായി ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് മുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതാണ് ഇപ്പോള്‍ ധര്‍ണ്ണ രൂപത്തില്‍ പ്രതിഷേധിക്കാന്‍ തയ്യാറാവുന്നത്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് നിബന്ധനകളില്‍ പുതിയ ഇളവുകള്‍ പുറത്തിറക്കിയപ്പോള്‍ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോവിഡ്
വ്യാപനം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഈ ഇളവ് വേണ്ടെന്ന നിലപാടെടുത്തു.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ ദി പ്രീസ്റ്റ്, ആന്റണി വര്‍ഗീസിന്റെ അജഗജാന്തരം എന്നീ ചിത്രങ്ങളുടെ റിലീസും മാറ്റിവച്ചിരുന്നു. അതെ സമയം മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ആമസോണ്‍ ഓ.ടി.ടി റിലീസ് ആയത് മികച്ച പ്രതികരണം ഉളവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഈ രീതിയില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

എന്നാല്‍ ഇതിന്റെ പ്രയോജനം നാട്ടിലെ സിനിമാ തിയേറ്ററുകള്‍ക്കോ ഇവിടത്തെ ജീവനക്കാര്‍ക്കോ വിതരണക്കാര്‍ക്കോ പ്രയോജനം ഉണ്ടാകാത്ത രീതിയിലാണുള്ളത്. ഇതാണ് ഇവരെ ധര്‍ണ്ണയിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :