വന്‍ കഞ്ചാവു വേട്ട: നാലു പേര്‍ പിടിയില്‍

പാലക്കാട്| Sajith| Last Modified ശനി, 9 ജനുവരി 2016 (10:51 IST)
പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ കഞ്ചാവ് വേട്ടയില്‍ നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി ആറു കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ഇതില്‍ ചിറ്റൂരിലാണ് നാലു കിലോ കഞ്ചാവ് പിടിച്ചത്. പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് വന്ന കെ എസ് ആര്‍ ടി സി ബസിലായിരുന്നു തൃശൂര്‍ താണിക്കുടം വടക്കേച്ചിറ ചുള്ളിക്കാടന്‍ വീട്ടില്‍ ജെയ്സണ്‍ എന്ന മുപ്പത്തിയഞ്ചുകാരന്‍ കഞ്ചാവുമായി ചിറ്റൂര്‍ എക്സൈസ് സി ഐ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.

സേലത്തു നിന്ന് എറണാകുളത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസില്‍ അര കിലോ കഞ്ചാവുമായി എത്തിയ എറണാകുളം സ്വദേശി റോഷന്‍ എന്ന ഇരുപത്തൊന്നുകാരനെ പാലക്കാട് അസിസ്റ്റന്‍റ് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി.

ഇതിനൊപ്പം ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ ഇരിങ്ങാലക്കുട ഇടമുട്ടത്ത് സലീം എന്ന ഇരുപത്താറുകാരനാണ്.

തൃശൂര്‍ ജില്ലയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന വര്‍ദ്ധിച്ചു വരുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം വ്യാപകമായി പരിശോധന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :