കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (15:07 IST)
ചാരക്കേസും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയും തമ്മില്‍ ബന്ധമില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്. പണ്ടത്തെ ചതിപ്രയോഗം മറച്ചുവെയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി കള്ളം പറയുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങളെ തള്ളി ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്. ചാരക്കേസിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി കരുണാകരനെ രാജി വെപ്പിച്ചത്. രമണ്‍ ശ്രീവാസ്തവയ്ക്കെതിരായ വിധിയാണ് ഉമ്മന്‍ ചാണ്ടി ആയുധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
“ചാരക്കേസിന്റെ പശ്ചാത്തലത്തിലാണ് കെ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ വിഭാഗം പരസ്യമായ കലാപത്തിനൊരുങ്ങിയത്. എന്നാല്‍, കരുണാകരന് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടാണ് രാജിവയ്‌ക്കേണ്ടിവന്നത്.
കൊച്ചി നിയമവേദി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 1995 ജനുവരി മൂന്നിന് ഐജി രമണ്‍ ശ്രീവാസ്തവയ്ക്കു ചാരവൃത്തിയില്‍ പങ്കുണ്ടെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനുവരി 13ന് കേന്ദ്ര ഇന്റലിജന്‍സ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ശ്രീവാസ്തവയ്‌ക്കെതിരേ ഹൈക്കോടതി വിധിച്ചത്. വ്യക്തമായ തെളിവില്ലാത്തതിനാല്‍ രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്യാനാവില്ലെന്ന നിലപാടില്‍ കരുണാകരന്‍ ഉറച്ചുനിന്നു.
കരുണാകരനു ചാരവൃത്തിയില്‍ പങ്കുണ്ടെന്നു പ്രചരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും പിന്നീടു ശ്രമിച്ചത്. ശ്രീവാസ്തവ ചാരനെങ്കില്‍ കരുണാകരനും ചാരനാണെന്ന യുക്തിയാണ് ഉമ്മന്‍ചാണ്ടി വളര്‍ത്തിയത്.
കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളില്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഗ്രൂപ്പ് പൊതുയോഗങ്ങള്‍ നടത്തി. എല്ലായിടത്തും മുഖ്യ മുദ്രാവാക്യം ചാരമുഖ്യന്‍ രാജിവയ്ക്കുക എന്നതായിരുന്നു. ഈ യോഗങ്ങളെല്ലാം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നു.
'കരുണാകരന്‍ രാജിവയ്ക്കണം: ഉമ്മന്‍ചാണ്ടി', എന്ന തലക്കെട്ടില്‍ എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു. അന്നു വാര്‍ത്താ ചാനലുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവെവിടെ എന്നു ചോദിക്കുന്ന ഉമ്മന്‍ചാണ്ടി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ തന്റെ രാഷ്ട്രീയ ചതിപ്രയോഗം മറച്ചുപിടിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.”