വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഫെയര്‍ പ്രാക്ടീസ് കോഡ് പാലിക്കണം; ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (17:40 IST)
സംസ്ഥാനത്തെ വന്‍കിട പണമിടപാട് സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഫെയര്‍ പ്രാക്ടീസ് കോഡ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. ജനമൈത്രി പോലീസ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഹാളില്‍ ബ്ലേഡ് മാഫിയക്കെതിരേ ജാഗ്രത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്ലേഡ് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാത്ത തരത്തിലാണ് വന്‍കിട പണമിടപാടു സ്ഥാപനങ്ങളില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫെയര്‍ പ്രാക്ടീസ് കോഡ് പാലിക്കാത്ത ധനകാര്യ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരെ സാമ്പത്തിക ആവശ്യങ്ങളില്‍ സഹായിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടങ്ങുന്ന മൈക്രോ ഫിനാന്‍സിങ് സംരംഭങ്ങളും സംസ്ഥാനത്ത് ബ്ലേഡ് കമ്പനികളെപ്പോലെ പെരുമാറുകയാണ്. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ധനകാര്യ സ്ഥാപനങ്ങളും കേരളത്തില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നു. 1958 ലെ കേരളാ മണി ലെന്‍ഡേഴ്‌സ് ആക്ട്, 2012 ലെ കൊള്ളപ്പലിശ നിരോധിക്കല്‍ നിയമം തുടങ്ങിയവയൊക്കെ ബ്ലേഡ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ ആവശ്യമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഇവ കടലാസിലൊതുക്കാതെ നടപ്പാക്കാന്‍ നിയമപാലകര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബാങ്കുകള്‍ സാമൂഹിക പ്രതിബദ്ധത നിര്‍വഹിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. വര്‍ത്തമാനകാല കേരള സമൂഹത്തിലെ പ്രധാന വിപത്താണ് കൊള്ളപ്പലിശ. ഇതിനെതി

െര സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനമൈത്രി സെമിനാറില്‍ ഉണ്ടാവണമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :