തിരുവനന്തപുരം|
VISHNU.NL|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (17:33 IST)
വിദേശരാജ്യങ്ങളിലെയും കേരളത്തിലേയും ആശുപത്രികള്‍ വാഗ്ദാനം നല്‍കിയ തൊഴിലവസരങ്ങളില്‍ പ്രതികരണമാരായാന്‍ ഇറാഖില്‍ നിന്ന് മടങ്ങിവന്ന നഴ്‌സുമാരുടെ യോഗം വിളിച്ചുചേര്‍ക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നോര്‍ക്ക വകുപ്പ് വിളിച്ചു ചേര്‍ത്ത ആശുപത്രി മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
അഗസ്റ്റ് ആറിന് തിരുവനന്തപുരത്തായിരിക്കും യോഗം. ആദ്യം മടങ്ങിവന്ന 46 പേരുള്‍പ്പെടെ 350 നഴ്‌സുമാരാണ് ഇറാഖില്‍ നിന്ന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലെത്തിയിട്ടുള്ളത്. ഇവരില്‍ കേരളത്തില്‍ ജോലി ചെയ്യാനാഗ്രഹമുള്ളവര്‍ക്ക് ഇവിടെ അവസരം നല്‍കാന്‍ യോഗത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. അബുദാബി, യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചെത്തിയവരും നഴ്‌സുമാര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് യോഗത്തില്‍ ഉറപ്പുനല്‍കി.
അതേസമയം ചില രാജ്യങ്ങളില്‍ നഴ്‌സുമാരായി ജോലി ലഭിക്കുന്നതിന് ലൈസന്‍സിംഗ് പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് നോര്‍ക്ക ഇതിന് സൗകര്യമൊരുക്കുമെന്ന് യോഗത്തില്‍ നോര്‍ക്ക വകുപ്പ് മന്ത്രി കെസി ജോസഫ് പറഞ്ഞു. ഇറാഖില്‍ ജോലി ചെയ്ത് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ മടങ്ങിയവര്‍ക്ക് എംബസി വഴി അത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയുള്ളവര്‍ക്ക് ആശ്വാസം ലഭ്യമാക്കാന്‍ ബാങ്കുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വായ്പയില്‍ പലിശയൊഴിവാക്കുക, പലിശയുള്‍പ്പെടെ മുതലിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ ബാധ്യത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്കുകള്‍ക്കുമുന്നില്‍ വച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിബിയയില്‍ നിന്ന് മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറോളം നഴ്‌സുമാരുടെ ആദ്യസംഘം നാളെ നാട്ടിലേക്ക് തിരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.