വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (15:12 IST)
പത്തനംതിട്ട: വൈദികനെന്നു സ്വയം പരിചയപ്പെടുത്തി വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയ ആള്‍ പിടിയില്‍. പത്തനംതിട്ട കൂടല്‍ സ്വദേശിയായ ജേക്കബ് തോമസാണ് തൃശൂര്‍ പോലീസ് സംഘത്തിന്റെ പിടിയിലായത്.

ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളം വഴി മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാള്‍ പൊലീസ് പിടിയിലായത്. തൃശൂര്‍, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍, നാഗ്പൂര്‍ എന്നിവടങ്ങളിലെ നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇന്ത്യയില്‍ ഹരിയാനാ ബീഹാര്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അടുത്തിടെ കന്യാകുമാരി ജില്ലയിലെ തക്കലയില്‍ ആയിരുന്നു താമസം.

സുവിശേഷ പ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ മെഡിക്കല്‍ കോളേജ് അധികാരികള്‍, സദാ മേലധ്യക്ഷന്മാര്‍ എന്നിവരുമായി നല്ല അടുപ്പുണ്ടെന്നായിരുന്നു തട്ടിപ്പിന് ഇരയായവരെ പറഞ്ഞു പറ്റിച്ചു പണം തട്ടിയത്.
ആഡംബര കാറുകളില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ ഓരോ രക്ഷിതാക്കളില്‍ നിന്നും 60 മുതല്‍ 80 ലക്ഷം രൂപ വരെ ആയിരുന്നു തട്ടിയെടുത്തത്. ഇയാള്‍ക്ക് സഹായിയായിരുന്ന ബിഷപ്പ് എന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്സ്റ്റണ്‍, പാസ്റ്റര്‍മാരായ വിജയകുമാര്‍, അനു സാമുവല്‍, ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡ് എന്നിവരെ നേരത്തേ തന്നെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :