തിരുവനന്തപുരം|
Rijisha M.|
Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (07:57 IST)
കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക്
ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. 12 മുതല്‍ 22 സെ മി മഴവരെയാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ചൊവ്വാഴ്ച കേരളത്തിന്റെ മലയോരത്തു മഴ വീണ്ടും സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് വിശദീകരിച്ചു. ഇതേ സാഹചര്യത്തിൽ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒപ്പം, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് വരും ദിവസങ്ങളിലും ബാധകമായിരിക്കും.
അതേ സമയം കേരളം ഉൾപ്പെടെ ഇന്ത്യൻ തീരത്ത് ശക്തിയേറിയ തിരമാലകൾക്കു സാധ്യതയുണ്ടെന്ന ഹൈദരാബാദിലെ ഇൻകോയ്സ് ഏജൻസിയുടെ മുന്നറിയിപ്പു തുടരുകയാണ്. ബുധനാഴ്ച രാവിലെ വരെ ഇതു ബാധകമാണ്. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യംമൂലം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാനും സാധ്യതയുണ്ട്.