അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

ADGP Ajith Kumar
ADGP Ajith Kumar
രേണുക വേണു| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2025 (15:40 IST)

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിനു സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിലാണ് നടപടി.

സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അജിത് കുമാര്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്.

ഡിജിപിയുടെ ശുപാര്‍ശ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയനു ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത് കുമാറിന്റെ മൊഴി. ഇതിനെതിരെ പി.വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ച് പരാതി നല്‍കി. അജിത് കുമാറിന്റെ മൊഴി അസത്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും പി.വിജയന്‍ ഡിജിപിയോടു ആവശ്യപ്പെട്ടിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ നല്‍കിയ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഈ കേസിന്റെ അന്വേഷണവേളയിലാണ് എഡിജിപി പി.വിജയനെതിരെ എഡിജിപി എം.ആര്‍.അജിത് കുമാര്‍ മൊഴി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :