പാറശാല|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (17:05 IST)
തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി ആഡംബര കാറില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി.
250 കിലോ അമോണിയം നൈറ്റ്രേറ്റ് കൊണ്ടുവന്ന പാറശാല മുറിയത്തോട്ടം കുളിയാട്ട് വീട്ടില്‍ വിനോദ് (33), ഇയാളുടെ സമീപ വാസിയായ ചെറുവാരക്കോണം സി.എസ്.ഐ ചര്‍ച്ചിനു സമീപം പരക്കുടിവിള വീട്ടില്‍ പട്രീഷ്യ (22) എന്നിവരാണു പിടിയിലായത്.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് വ്യാജ തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പരുമായി കാറില്‍ യാത്ര ചെയ്ത് കളിയിക്കാവിളയിലെ അതിര്‍ത്തി കടക്കുകയും പിന്നീട് കേരള രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് പാറശാലയിലേക്ക് വരികയും ചെയ്യവേയാണ് ഇവര്‍ പിടിയിലായത്.
സംശയം തോന്നി പൊലീസ് കാറിനു കൈകാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കാര്‍ മുന്നോട്ടുപോയി. തുടര്‍ന്ന് പൊലീസ് പിന്തുടരുന്നെന്നു മനസിലായപ്പോള്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇവരെ പൊലീസ് പിടികൂടുകയാണുണ്ടായത്. അടുത്തിടെ വെള്ളറടയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടിയതില്‍ പ്രധാന പ്രതികളില്‍ ഒരാളാണ് വിനോദ് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുന്നു.