ആറ്റിങ്ങല്‍|
VISHNU N L|
Last Updated:
വെള്ളി, 20 നവംബര്‍ 2015 (19:29 IST)
ആറ്റിങ്ങളില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് 30പേര്‍ക്ക് പരിക്ക്. അപകടത്തില്‍ 14 വയസുള്ള വിദ്യാര്‍ഥിനി മരിച്ചതായാണ് റിപ്പോര്‍ട്ട്.
ആറ്റിങ്ങലിലെ മാമം പാലത്തില്‍ നിന്നാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. അമിത വേഗമാണ് അപകടത്തിനു കാരണമെന്ന് കരുതപ്പെടുന്നു.
കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടം.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ പാലത്തിലൂടെ അമിത വേഗത്തില്‍ വന്ന ബസ് ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെത്തുടര്‍ന്നാണ് ഇടതുഭാഗത്തെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ചത്.
പുഴയിലേക്ക് പൂര്‍ണമായി പതിക്കാതെ പഴയ പാലത്തിന്റെ കൈവരിയില്‍ തലകീഴായി തൂങ്ങിക്കിടക്കുകയാണ് ബസ്.
ഡ്രൈവര്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബസ് മറിയുന്നതിന് മുമ്പ് തന്നെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
അപക്ടം നടന്ന സ്ഥലം ആളൊഴിഞ്ഞ് പ്രദേശമായതിനാല്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമായ വിവരങ്ങളില്ല. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
എത്രപേര്‍ ബസിലുണ്ടായിരുന്നു എന്ന് വിവരങ്ങളില്ല. എന്നാല്‍ 30 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് സൂചനകള്‍.
ബസ് അപകടത്തില്‍ പെട്ട് അല്‍പ്പ സമയത്ത് തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയതാണ് കൂടുതല്‍ ദുരന്തം ഉണ്ടാകാതിരുന്നത്.
അതേസമയം അപകടത്തില്‍ പെട്ട ബസ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.