കാലടി|
akj iyer|
Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (11:48 IST)
കൈക്കൂലിക്കേസിൽ അകപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അധികാരികൾ കൈയോടെ പിടികൂടി. കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വിജിലൻസിന്റെ പിടിയിലായത്.
കാലടി ചെങ്ങൽ സ്വദേശി പോട്ടോക്കാരൻ വിമൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരമ്പരാഗതമായി ജാതിക്ക സത്ത് എടുക്കുന്ന നിർമ്മിതിക്ക്
വിമൽ
നൽകിയ അപേക്ഷ അനുവദിക്കുന്നതിന് അര ലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്.
വിമലാകട്ടെ ഇരുപത്തയ്യായിരം നൽകാമെന്ന് പറഞ്ഞെങ്കിലും സെക്രട്ടറി വഴങ്ങിയില്ല. തുടർന്ന് നീക്കുപോക്ക് നടത്തി മുപ്പത്തയ്യായിരത്തിൽ ഒതുക്കാമെന്നായി. തുടർന്നാണ് വിമൽ വിജിലൻസിനെ ബന്ധപ്പെട്ടതും ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ സെക്രട്ടറി നൽകിയതും.
സെക്രട്ടറി പണം വാങ്ങി ബാഗിൽ
വച്ചതും മൂവാറ്റുപുഴ വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടറിയെ കൈയോടെ പിടികൂടുകയും ചെയ്തു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.