കൊച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (10:08 IST)
കൊച്ചിയിലെ നിശാ ക്ലബ്ബുകളില്‍ പൊലീസ് പരിശോധനയില്‍ ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗം ശ്രദ്ധയില്‍ പെട്ടതോടെ പൊലീസിന്റെ കണ്ണുകളെ വെട്ടിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ക്ലബ്ബുകാര്‍ പരീക്ഷിക്കുന്നു. ഇതിനായി ആഡംബര നൌകകളെയാണ് ഇപ്പോള്‍ ഉപയൊഗിക്കുന്നത്.
കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്ന ആഡംബര നൗകയില്‍ രഹസ്യവിവരത്തേ തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ കഞ്ചാവും മദ്യവും പിടികൂടി. മറൈന്‍ ഡ്രൈവില്‍നിന്നു പുറപ്പെട്ട ഗ്രീന്‍ ക്രൂസ് എന്ന നൗകയിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പരിശോധന നടത്തിയത്. നൗകയിലെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
സംഭവത്തില്‍ തൃശൂര്‍ സ്വദേശി പ്രശാന്ത്, മാവേലിക്കര സ്വദേശി ഷിജിന്‍ എന്നിവരെ കസ്‌റ്റഡിയിലെടുത്തു. ഷിജിനാണ് നൗക അഞ്ച് വര്‍ഷത്തേക്കു വാടകയ്‌ക്ക് എടുത്തിരുന്നത്. നിശാക്ലബ്ബുകളില്‍ പൊലീസ് റെയ്ഡുകള്‍ നടക്കുന്നതിനാല്‍ പൊലീസിന്റെ കണ്ണുകള്‍ വെട്ടിക്കുന്നതിനായാണ് ആഡംബര ബോട്ടില്‍ നിശാ പാര്‍ട്ടീ നടത്തിയത്.
നിശാപാര്‍ട്ടിയുടെ സൂത്രധാരന്‍ പ്രശാന്തായിരുന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് യാത്ര പ്ലാന്‍ ചെയ്‌തിരുന്നത്.40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഈ പാര്‍ട്ടിയില്‍ പൊലീസ് നുഴഞ്ഞുകയറുകയായിരുന്നു. പിടികൂടിയവരില്‍ ഒരു റഷ്യന്‍ വനിതയും ഉള്‍പ്പെടും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ളവരും മലയാളികളുമാണ് മറ്റുള്ളവര്‍.
ഏഴു കെയ്‌സ് ബിയര്‍ മാത്രമാണ് ഇത്തരം പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ നിയമമുള്ളത്. എന്നാല്‍ പിടിച്ചെടുത്തവയില്‍ മുന്തിയ ഇനം വിദേശമദ്യങ്ങളും ഉള്‍പ്പെടുന്നു.
ഒരേസമയം നൂറുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്‌ത ആഡംബര ബോട്ടാണിത്. ഗ്രീന്‍ ബേ ലെഷര്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ആഡംബര നൗക. പതിവായി ഈ ബോട്ടില്‍ ഇത്തരം നിശാപാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറിന് പൊലീസ് മറൈന്‍ ഡ്രൈവില്‍ എത്തിയിരുന്നു. പാര്‍ട്ടി ആരംഭിച്ചതോടെ പരിശോധന നടത്തുകയായിരുന്നു.