എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (18:54 IST)
പാലക്കാട്: പാലക്കാട് ജില്ലയിൽ ബ്ലേഡ് മാഫിയകളുടെ വിളയാട്ടത്തിൽ സഹികെട്ട നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ ഒട്ടാകെ 114 കേന്ദ്രങ്ങളിലാണ് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശ പ്രകാരം പരിശോധന നടന്നത്.
ഇതിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുപ്പതോളം വാഹനങ്ങളും പിടികൂടി. ചാലിശേരി, തൃത്താല, പട്ടാമ്പി, ചെർപ്പുളശേരി, കൊല്ലങ്കോട്, കസബ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന നടത്തിയത്. പിടികൂടിയവരിൽ നിന്ന് ചെക്ക് ലീഫുകൾ, മുദ്രപത്രം എന്നിവ പിടിച്ചെടുത്തു. ബ്ലേഡ് മാഫിയകളുടെ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന കാർ, ബൈക്ക് എന്നിവയാണ് പിടികൂടിയത്.
കഴിഞ്ഞ മാസം കല്ലേപ്പുള്ളി അമ്പലക്കാട് സി.കെ.സുരേന്ദ്രനാഥ് എന്നയാൾ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പോലീസിനെ ഇത്തരമൊരു റെയ്ഡ് നടത്താൻ പ്രേരിപ്പിച്ചത്.