തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 12 മെയ് 2014 (08:46 IST)
ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നു തിരുവനന്തപുരം മുക്കോലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നു കൊള്ളപ്പലിശക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് നടത്തി.
സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷന്‍ കുബേരന്‍ എന്ന പേരിലുള്ള പോലീസ് പരിശോധന നടന്നത്
അമിത പലിശയ്ക്കു പണം കടം കൊടുക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്തെ 1032 കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടന്നത്. വ്യാപകമായി നടത്തിയ പരിശോധനയില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ അടക്കം 75 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അനധികൃതമായി പണം കടം കൊടുത്തതുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിലായി കേരള മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരം കൊള്ളപ്പലിശക്കാരുടെ പക്കല്‍നിന്ന് 50,60,475 രൂപയും പണം കടം കൊടുത്തതിന്റെ രേഖകള്‍, ബ്ലാങ്ക് ചെക്കുകള്‍, ഭൂമിയുടെ പ്രമാണവും കരം അടച്ച രസീതും ഉള്‍പ്പെടെയുള്ള രേഖകള്‍, കരാര്‍ എഴുതിയ പേപ്പറുകള്‍, ഒപ്പിട്ട വെള്ളക്കടലാസുകള്‍ എന്നിവയും പിടിച്ചെടുത്തു.
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയില്‍ കുപ്രസിദ്ധ ഗുണ്ട ബോംബ് കണ്ണന്‍ എന്നു വിളിക്കുന്ന സതീഷ് അടക്കം 15 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊള്ളപ്പലിശയ്ക്കു പണം കടം കൊടുത്തശേഷം വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നവരെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മനോജ് ഏബ്രഹാം അറിയിച്ചു.