ആലപ്പുഴ|
jibin|
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (13:11 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ബിജെപി ബിഡിജെഎസുമായി പ്രാഥമിക ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച നടത്തിയത്.
എസ്എൻഡിപി നേതൃത്വം നൽകുന്ന ബിഡിജെഎസുമായി ബിജെപി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശഖരന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ 15ന് ശേഷം നടത്തുമെന്നും കുമ്മനം അറിയിച്ചു.
ബിജെപിയുടെ കവാടങ്ങൾ തുറന്നു കിടക്കുകയാണെന്ന് കുമ്മനം രാജശേഖരൻ വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. ബിജെപിയെ അംഗീകരിക്കുന്ന, ആശയങ്ങളോട് ചേരുന്ന ആർക്കും സ്വാഗതം. വരാൻ ആഗ്രഹമുള്ളവരുമായി ചർച്ച നടത്തും. പ്രമുഖരുടെ ഒരു വലിയനിര തന്നെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പതിനഞ്ചു പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. ആരൊക്കെ എവിടൊക്കെ മൽസരിക്കുമെന്നത് സംബന്ധിച്ച് കമ്മിറ്റിയിൽ തീരുമാനമെടുക്കും. ജയിക്കുന്നതിനും ഭരിക്കുന്നതിനും വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത കോർ പാർട്ടി കമ്മിറ്റി യോഗത്തിന് ശേഷമാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.