നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്‍നിര നേതാക്കള്‍ മത്സരിക്കും; കുമ്മനം നേമത്തും മുരളീധരന്‍ കോഴിക്കോടും മത്സരിക്കാന്‍ കോര്‍കമ്മിറ്റിയില്‍ തീരുമാനം

കൊച്ചി| JOYS JOY| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (15:09 IST)
വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുന്‍നിര നേതാക്കള്‍ മത്സരിക്കും. കൊച്ചിയില്‍ ഇന്നു നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ പ്രധാന നേതാക്കള്‍
മത്സരിക്കാന്‍ തീരുമാനമായത്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, പി കെ കൃഷ്‌ണദാസ്, സി കെ പദ്‌മനാഭന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ മത്സരിക്കും. എന്നാല്‍, മത്സരിക്കാന്‍ ഇല്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനം ഉണ്ടാകും.

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം നേമത്ത് സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളീധരന്‍ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മത്സരിക്കും. മുരളീധരന്റെ സ്വന്തം തട്ടകമാണ് കോഴിക്കോട് നോര്‍ത്ത് എന്നതിനാല്‍ ഇവിടെ മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

കാട്ടാക്കടയിലോ തലശ്ശേരിയിലോ ആയിരിക്കും പി കെ കൃഷ്‌ണദാസ് മത്സരിക്കുക. മുതിര്‍ന്ന നേതാവ് സി കെ പദ്‌മനാഭന്‍ കുന്നമംഗലത്തോ പാലക്കാട്ടോ മത്സരിക്കും. നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അന്തിമധാരണ ഉണ്ടാക്കാന്‍ കെ പി നഡ്ഡയെ യോഗം ചുമതലപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :