രേണുക വേണു|
Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:06 IST)
Biparjoy Cyclone Live Updates: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ഉള്ള അതി ശക്തമായ ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ്
ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക് - വടക്ക് കിഴക്ക്
ദിശ മാറി സൗരാഷ്ട്ര, കച്ച് അതിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയില്‍
ജൂണ്‍ 15 ന് പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയിലേക്ക് തിരിയും. തുടര്‍ന്ന് 125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാം. ചുഴലിക്കാറ്റിന്റെ ഇനിയുള്ള സഞ്ചാരപദം ഏറെ നിര്‍ണായകമാണ്. മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ വളരെ മോശമായിരിക്കുകയാണ്. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക്
സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.