aparna shaji|
Last Modified ശനി, 3 ഡിസംബര്‍ 2016 (11:45 IST)
രാജ്യത്ത് നോട്ടിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കോടികൾ ചിലവിട്ട് നമ്മുടെ കൊച്ചുകേരളത്തിൽ ഒരു വിവാഹ മാമങ്കം അരങ്ങേറുകയാണ്. വ്യാവസായി ബിജു രമേശിന്റെ മകള്‍ മേഘയുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുടേയും വിവാഹ മാമാങ്കത്തിനാണ് നാളെ തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക.
മാമാങ്കത്തിന് വി ഐ പികൾ അല്ല, വി വി ഐ പികളാണ് അതിഥികൾ എന്ന് ശ്രദ്ദേയം. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീര്‍ സെല്‍വമുള്‍പ്പെടെയുള്ള വി വി ഐ പികളും സംസ്ഥാന മന്ത്രിമാരക്കമുള്ള നൂറുകണക്കിന് വി ഐ പിമാരുമാണ് അതിഥികൾ. നാളെ വൈകുന്നേരം ആറിനാണ് വിവാഹ ചടങ്ങുകൾ.
ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം നിർമിച്ചിരിക്കുന്നത്. ഇരുപതിനായിരത്തില്‍ കുറയാത്ത അതിഥികളെയാണ് ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ടാണ് അഞ്ഞൂറോളം തൊഴിലാളികള്‍ വിവാഹ വേദിയുടെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആറായിരം പേര്‍ക്ക് ഒരുമിച്ച് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് അതിഥികള്‍ക്കുള്ള വിവാഹ പന്തലിന്റെ സജ്ജീകരണം. നൂറിലധികം വിഭവങ്ങൾ ഉൾപ്പെടുന്ന വിവാഹ സൽക്കാരം. തത്സമയം ഭക്ഷണം പാകം ചെയ്തു വിളമ്പുന്നതിനായി ജര്‍മ്മനിയില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തും.
രാജ്യത്ത് നോട്ട് നിരോധനത്തിനു പിന്നാലെ പണത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ 500 കോടി രൂപ കൊണ്ട് അത്യാഡംബരമായി മകളുടെ വിവാഹം നടത്തിയ കര്‍ണാടക ബി ജെ പി നേതാവും മുന്‍മന്ത്രിയുമായ ഗാലി ജനാര്‍ദ്ദന റഡ്ഡി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതേപോലെ വാർത്തകളിലും വിവാദത്തിലും ഇടംപിടിക്കാൻ തയ്യാറായിരിക്കുകയാണ് ബിജു രമേശനും അടൂർ പ്രകാശനെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.
നോട്ട് ക്ഷാമനോ കറൻസി ദുരന്തമോ ഇവരെ ബാധിച്ചിട്ടില്ലെന്ന് വ്യക്തം. അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയം ജൂൺ 24നാണ് നടന്നത്. ബാര്‍കോഴ വിവാദങ്ങള്‍ പുകയുന്നതിനിടെ വിവാദത്തിലകപ്പെട്ടവര്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങുകള്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.