Sumeesh|
Last Modified വെള്ളി, 8 ജൂണ്‍ 2018 (19:25 IST)
തിരുവന്തപുരം: പതിനഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന ഒന്നരലക്ഷം ലിറ്റർ മദ്യം ബിവറേജസ് കോർപ്പറേഷൻ ഒഴുക്കി കളയുന്നു. യു ഡി എഫ് സർക്കാരിന്റെ ഭരണത്തിൽ ബാറുകളും ബിയർ പാർലറുകളും പൂട്ടിയ സമയത്ത് റെയ്ഡുകളിൽ പിടിച്ചെടുത്ത മദ്യമാണ് ഒഴുക്കി കളയാൻ തീരുമാനിച്ചത്. മദ്യം നഷിപ്പിക്കുന്നതിനായി
നികുതി വകുപ്പ് അനുവാദം നൽകിയ സാഹചര്യത്തിലാണ് നടപടി.
രണ്ട് വർഷത്തോളമായി ഈ മദ്യം ബിവറേജസ് കോർപറേഷന്റെ 23ഓളം സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു വരികയായിരുന്നു. ബാറുകൾ പൂട്ടിയ സമയത്ത് ബാറുകളും സർക്കാരുകളും തമ്മിൽ കടുത്ത ഭിന്നതയിലായതിനാൽ ഈ മദ്യം സുരക്ഷിതമല്ല എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നഷിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
വിസ്കി, ബ്രാണ്ടി, ബിയർ, വൈൻ, തുടങ്ങി അൻപതോളം ബ്രാൻഡുകളിലുള്ള മദ്യമാണ് ഒഴുക്കി കളയുന്നത്. മദ്യം ഒഴിവാക്കി കുപ്പികൾ ലേലം ചെയ്യാനാണ് തീരുമാനം. ഇതിനായി ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ വലിയ കുഴികളുണ്ടാക്കി ഓരോ കുപ്പികളിൽ നിന്നും മദ്യം കളയാനാണ് തീരുമാനം. ഇതിനായി ജോലിക്കാരെ നിയിമിച്ചിട്ടുണ്ട്.