ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (12:58 IST)
ബംഗളൂരു സ്ഫോടനക്കേസുകളില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. കേസുകളില്‍ ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പി ഡി പി നേതാബ് അബ്‌ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്. കര്‍ണാടക സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടെ എന്നാണ് കോടതി ചോദിച്ചത്.
ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഒമ്പത് കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാല്‍ കാലതാമസം നേരിടുമെന്ന് മദനിക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ബംഗളൂരുവില്‍ നടന്ന വ്യത്യസ്ത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് മദനിക്കെതിരെ വെവ്വേറെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, എല്ലാ കേസുകളിലും സാക്ഷികളും തെളിവുകളും ഒന്നു തന്നെയാണ്.