ബാര്‍ കോഴ; കുറ്റപത്രം മെയില്‍ സമര്‍പ്പിക്കും

കൊച്ചി| VISHNU N L| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (13:25 IST)
ബാര്‍ കോഴക്കേസില്‍ മെയ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ഉണ്ടാകും.

അതേസമയം ബിജു രമേശ് നല്‍കിയത് മുഴുവന്‍ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയായതിനാല്‍ ഇത് തെളിവായി സ്വീകരിക്കാമോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. കേസില്‍ മൂന്ന് മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിജിലന്‍സിനു മേല്‍ കനത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരിക്കുന്നത്. അതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നിലപാട് വിജിലന്‍സ് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സര്‍ക്കാരിന്റെ അബ്കാരി നയവുമായി ബന്ധപ്പെട്ട് കോഴക്ക് സ്ഥിരീകരണമുണ്ട്. പണം നല്‍കിയതിനും വാങ്ങിയതിനുമുള്ള തെളിവ് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ബാറുടമകളുടെ മിനിറ്റ്സിലെ തെളിവുകള്‍ക്ക് പുറമെ പണം നല്‍കുന്നതിന് ദൃക്സാക്ഷിയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

വിജിലന്‍സ് ശേഖരിച്ച തെളിവുകളെ പ്രധാനമായും പിന്തുണക്കേണ്ടത് ബിജു രമേശിന്റെ മൊഴിയാണ്. മറ്റ് ബാറുടമകളെ പോലെ ഏതെങ്കിലും സാഹചര്യത്തില്‍ ബിജു രമേശും മൊഴി മാറ്റിയാല്‍ കേസ് തോല്‍ക്കും. ഇതൊഴിവാക്കാനാണ് ബിജു രമേശിന്റെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും അടുത്ത മാസം ആദ്യത്തോടെ കുറ്റപത്രം സമര്‍പ്പിക്കുക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :