ലൈസന്‍സ് ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം, ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ കുറയ്ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (18:08 IST)
ബാര്‍ വിഷയത്തില്‍ കൊണ്‍ഗ്രസിലേയും യുഡി‌എഫിലേയും തര്‍ക്കം ഒത്തു തീര്‍ന്നു. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടുകളിലേക്ക് പോകുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് സംസ്ഥാത്ത് ഇനി ഫൈവ് സ്റ്റാര്‍ ഹൊട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവു എന്ന് യുഡി‌എഫ് തീരുമാനിച്ചു. നിലവിലുള്ള ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ഉള്ള ലൈസന്‍സ് റദ്ദാക്കുന്നതിനു പുറമേ ലൈസന്‍സ് വിഷയത്തില്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്കും ഇനി പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി.

അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ക്കും നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കും. 2015 ഏപ്രില്‍ ഒന്നിനു ശേഷം ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ഉണ്ടാകു എന്നും യോഗത്തില്‍ തീരുമാനമായി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ അനുമതി റദ്ദാക്കുന്നതിനായി നിയമോപദേശം സ്വീകരിച്ചതിനു ശേഷമാകും നടപടികളുണ്ടാകുക എന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇനിമുതല്‍ ബീവറേജസ് കോര്‍പ്പറേഷന് പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ല എന്നും ഓരോ വര്‍ഷം കൂടും തോറും 10 ശതമാനം ഔട്‌ലെറ്റുകള്‍ കുറയ്ക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ എല്ലാ വാരാന്ത്യങ്ങളിലും ഡ്രൈഡേ ആക്കുമെന്നും യോഗം തീരുമാനിച്ചു. ഇതോടെ നിലവില്‍ ഒരുവര്‍ഷം 52 ഡ്രൈഡേ ആചരണം നടപ്പിലാകും. കൂടാതെ ബീവറേജസ് ഔട്‌ലെറ്റുകളില്‍കൂടി വിതരണം ചെയ്യുന്ന വീര്യം കൂടിയ മദ്യങ്ങളുടെ വില്‍പ്പന ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് ആത്യന്തികമായി മദ്യം നിരോധിക്കുക എന്നതാണ് നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കേരളത്തിലെ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിഞ്ച്ചു. അതേസമയം തൊഴിലാളികള്‍, ചെത്താനാവശ്യമായ തെങ്ങ്, കള്ളിന്റെ ലഭ്യത എന്നിവ അനുസരിച്ച് മാ‍ത്രമേ കള്ള് ഷാപ്പുകള്‍ക്ക് അനുമതി നല്‍കുകയുള്ളു. ഇത്തരത്തില്‍ നടപടികള്‍ എടുക്കുമ്പോള്‍ ജോലി നഷ്ടമാകുന്ന തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാറുകള്‍ അടയ്ക്കേണ്ടി വരുമ്പോള്‍ ജോലി പോകുന്ന തൊഴിലാ‍ളികളേയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. ഇവര്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സഹായം നല്‍കുമെന്നും ബാങ്കുകളില്‍ നിന്ന് വായ്പ്പ നല്‍കാന്‍ നടപടിയുണ്ടാകുമെന്നും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു. ഓരോവര്‍ഷവും 10 ശതമാനം ഔട്‌ലെറ്റുകള്‍ കുറയ്ക്കേണ്ടി വരുമ്പോള്‍ തൊഴില്‍ പോകുന്ന ജീവനക്കാരേയും സര്‍ക്കാര്‍ ഇതേ രീതിയില്‍ പുനരധിവസിക്കും.

ഇവരുടെ പുനരധിവാസത്തിനായി ബീവറേജസ് കൊര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്ന് ഓരോവര്‍ഷവും അഞ്ചു ശതമാനം മാറ്റിവയ്ക്കും. മദ്യത്തിനെതിരേ ബോധവല്‍ക്കരണം, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കല്‍, അമിത മദ്യപാനികളെ മദ്യത്തില്‍ നിന്ന് രക്ഷിക്കല്‍ എന്നിവയ്ക്കായി കെ‌എസി‌ആര്‍സി‌എഫ് എന്ന സമിതി രൂ‍പീകരിക്കും. അമിത മദ്യപാനം കൊണ്ട് ആരൊഗ്യം നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. നിലവില്‍ മദ്യമുക്തികേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന സഹായധനം വര്‍ദ്ധിപ്പിക്കും.

അമിത മദ്യപാനം മൂലം രോഗികളായവരെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും നടത്തുന്ന ഈ പദ്ധതിക്ക് പുനര്‍ജനി 2030 എന്നാണ് പേരിട്ടിരിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ്ണ മദ്യ നിരോധിത സംസ്ഥാനമാക്കുമെന്നും മദ്യ വിപത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്ക് കേരളത്തിലേ ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ഇതിനായി എല്ലാ കേരളീയരും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ഈ ലക്ഷ്യപൂര്‍ത്തിക്കായി സംഭാവന ചെയ്യാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :