കൊച്ചി|
jibin|
Last Updated:
ഞായര്‍, 24 ജനുവരി 2016 (10:24 IST)
ബിജു രമേശ് കൊളുത്തിവിട്ട ബാര്‍ കോഴക്കേസില്‍ തൃശൂർ വിജിലന്‍സ് കോടതിയില്‍ നിന്നുള്ള തിരിച്ചടിയില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനോടുള്ള അമര്‍ഷം പ്രകടമാക്കി കെ ബാബു. മന്ത്രിമാർ രാജി സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. കെപിസിസി സ്ഥാനങ്ങൾ രാജിവെക്കുകയാണെങ്കില്‍ മാത്രമെ പാര്‍ട്ടി അദ്ധ്യക്ഷനെ കാണേണ്ടതുള്ളുവെന്നും ബാബു പറഞ്ഞു.
രാജി വയ്ക്കുന്നതിന് സുധീരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കോടതിയില്‍ നിന്ന് തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമൊന്നും ഉണ്ടായിട്ടില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതോടെ രാജിവെക്കാന്‍ തയ്യാറായ ആളാണ് താനെന്നും ബാബു പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗുരുതരമായ പരാമർശം ഉണ്ടായാൽ അധികാരത്തിൽ കടിച്ചു തൂങ്ങില്ലെന്ന് നേരത്തെ തന്നെ താൻ വ്യക്തമാക്കിയിരുന്നതാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിന് തിരുവനന്തപുരത്ത് പലയിടത്തും അനധികൃത കെട്ടിടങ്ങളുണ്ടെന്നും ബാബു പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.