പണയം വെക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കുന്ന ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വര്‍ണമുത്തുകള്‍ തുടങ്ങിയവയാണ് ഇയാള്‍ കവര്‍ന്നിരിക്കുന്നത്

Arrest
രേണുക വേണു| Last Modified ശനി, 27 ജൂലൈ 2024 (09:12 IST)
Arrest

പണയം വെക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്ന ബാങ്ക് ജീവനക്കാരന്‍ പിടിയില്‍. ചെങ്ങന്നൂര്‍ മുളക്കുഴത്തെ ബാങ്കില്‍ അപ്രൈസര്‍ ആയ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവര്‍ന്നതായാണ് പരാതി.

മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വര്‍ണമുത്തുകള്‍ തുടങ്ങിയവയാണ് ഇയാള്‍ കവര്‍ന്നിരിക്കുന്നത്. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്ക് രേഖകളില്‍ ചേര്‍ത്തിരുന്നത്. ബാങ്കില്‍ കൊണ്ടുവന്ന ഇരുന്നൂറില്‍ അധികം ആളുകളുടെ സ്വര്‍ണ ഉരുപ്പടികളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :