പത്തനംതിട്ട|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (10:16 IST)
അമൃതാനന്ദമയിക്കെതിരേ മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ ഹോളി ഹെല്‍ എന്ന പുസ്തകത്തിന് വീണ്ടും വിലക്ക്. തിരുവനന്തപുരം മൈത്രി ബുക്‌സ് ഇറക്കിയ ഹോളി ഹെല്ലിന്റെ മലയാള പരിഭാഷ മുന്‍സിഫ് കോടതി നിരോധിച്ചു. എന്‍എസ്എസ് ആയുര്‍വേദ കോളജിലെ അസി. പ്രഫസര്‍ ഡോ ശ്രീജിത്ത് കൃഷ്ണ, അമൃതാനന്ദമയി ഭക്തനായ വള്ളംകുളം സ്വദേശി എന്നിവരുടെ ഹര്‍ജി പരിഗണിച്ചാണ് നിരോധന ഉത്തരവ്.
വിശുദ്ധ നരകം എന്ന പേരില്‍ മൈത്രി ബുക്‌സ് പുറത്തിറക്കിയ പുസ്തകം ഇതേ പേരില്‍ ഡി സി ബുക്‌സ് നേരത്തേ ഇറക്കുകയും ഹൈക്കോടതി നിരോധിക്കുകയും ചെയ്ത പുസ്തകത്തിന്റെ തനിപ്പകര്‍പ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഹൈക്കോടതി സ്‌റ്റേ ചെയ്ത പുസ്തകം മറ്റൊരു പ്രസാധകര്‍ ഇറക്കിയത് കോടതിവിധിയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഡി സി ബുക്‌സ്, ജോണ്‍ ബ്രിട്ടാസ്, മൈത്രിബുക്‌സ്, ഹര്‍ജിക്കാര്‍ എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ഹര്‍ജിക്കാര്‍ ഡി.സി ബുക്‌സിന്റെ പുസ്തകത്തിനെതിരേ ആദ്യം തിരുവല്ല മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇത് തങ്ങളുടെ അധികാരപരിധിയിലല്ല എന്ന് പറഞ്ഞ് കോടതി ഒഴിഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും നിരോധന ഉത്തരവ് സമ്പാദിച്ചതും.
അപ്പോഴാണ് മറ്റൊരു പ്രസാധകന്റേതായി ഇതേ പേരില്‍ പുസ്തകം വീണ്ടുമിറങ്ങിയത്. ഇതിന് താല്‍കാലിക നിരോധനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.