നിഹാരിക കെ.എസ്|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2025 (15:20 IST)
തിരുവനന്തപുരം: 2018 സെപ്റ്റംബർ 25നായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തട്ടിൽ പെടുന്നത്. ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിന് അദ്ദേഹം മരണപ്പെട്ടു. ഇപ്പോഴിതാ, ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി കോടതിയിൽ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പിതാവ് ഉന്നയിക്കുന്നുണ്ട്. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പൊലീസിന് പുറമേ ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സിബിഐ കഴിഞ്ഞ വർഷം സിജെഎം കോടതിയിൽ പുനരന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
കോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്ന് കെ സി ഉണ്ണി പ്രതികരിച്ചു. സിബിഐ നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ല. കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. കോടതി വിഷയത്തിൽ ഇടപെട്ടാൽ പോലും അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവം ഇടപെടണമെന്നില്ല. ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷണം നടത്തണം. കോടതിയോട് അപേക്ഷിക്കാൻ മാത്രമാണ് നമുക്ക് സാധിക്കുന്നത്. അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. കോടതി ശക്തമായി ഇടപെട്ടാൽ ചിലപ്പോൾ സത്യം പുറത്തുവരും. കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും കെ സി ഉണ്ണി ആവശ്യപ്പെട്ടു.
2018 സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അർജുനും പരിക്കേറ്റിരുന്നു.