തിരുവനന്തപുരം|
Rijisha M.|
Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (08:08 IST)
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ജീവൻരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഭാര്യ ലക്ഷ്മിയുടെ നിലയിലും പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. ബാലഭാസ്‌ക്കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസകരം തന്നെയാണ്. എങ്കിലും ബാലഭാസ്‌ക്കറിന്റേയും ഭാര്യയുടേയും ചികിത്സയ്‌ക്കായി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) നിന്നും ഡോക്ടർമാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബാലഭാസ്‌ക്കർ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നത് നല്ല സൂചനയായി ഡോക്‌ടർമാർ പറയുന്നു. ബാലഭാസ്‌ക്കറിന്റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമുണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.