Rijisha M.|
Last Updated:
ഞായര്‍, 4 നവംബര്‍ 2018 (11:06 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറും മകളും മരിച്ച കാർ അപകടത്തെക്കുറിച്ച് ഭാര്യ ലക്ഷ്‌മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴിയിൽ ആശയക്കുഴപ്പം. കാർ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നാണ് ഡ്രൈവർ മൊഴി നൽകിയത്, എന്നാൽ ബാലു പുറകിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നെന്നാണ് ലക്ഷ്‌മി നൽകിയ മൊഴി.
ഈ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും മൊഴി പൊലീസ് വീണ്ടും എടുക്കും. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനമായി.
സംഗീത ലോകത്ത് ബാലുവിന് ശത്രുക്കൾ ഉള്ളതായി നേരത്തേ ബാലഭാസ്‌ക്കർ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് തൃശൂരില്‍ പോയ ബാലുവും കുടുംബവും രാത്രിയില്‍ തങ്ങാന്‍ അവിടെ മുറി ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി.
തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നല്‍കുന്നത്. ഇതിനിടെയാണ് ലക്ഷ്മിയുടെ മൊഴി പുറത്തുവന്നത്.