രേണുക വേണു|
Last Modified തിങ്കള്‍, 22 ജനുവരി 2024 (14:16 IST)
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍.
അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്‍ പ്രതികരിച്ചു. ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയ താരങ്ങളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.
1992 ഡിസംബര്‍ ആറിനാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്. അയോധ്യ രാമന്റെ ജനന സ്ഥലമാണെന്നും മുന്‍പ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിഞ്ഞതെന്നും ആയിരുന്നു തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വാദിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ബാബറി മസ്ജിദ് പൊളിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയത്. പിന്നീട് അയോധ്യയിലെ ഈ ഭൂമി തര്‍ക്കപ്രദേശമായി നിലനില്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ വരെ എത്തുകയും ചെയ്തു.