തിരുവനന്തപുരം|
vishnu|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (19:55 IST)
വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ച് ആറ്റുകാല്‍ വാര്‍ഡിലെ റോഡ് നവീകരണത്തിനായി അഞ്ചു ലക്ഷം രൂപ കൂടി അനുവദിച്ചതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. റോഡ് നവീകരണത്തിനായി നഗരസഭയ്ക്ക് നേരത്തേ സര്‍ക്കാര്‍ അനുവദിച്ച തുകക്ക് പുറമേയാണിത്.
ആറ്റുകാല്‍ ടൗണ്‍ഷിപ്പിലെ 29 വാര്‍ഡുകളിലെ നഗരസഭാ റോഡുകളുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കായി ഒന്നരക്കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതില്‍ 10 ലക്ഷമാണ് ആറ്റുകാല്‍ വാര്‍ഡിലെ റോഡ് പണികള്‍ക്കായി വകയിരുത്തിയിരുന്നത്. സര്‍ക്കാര്‍ ആകെ അനുവദിച്ച മൂന്നു കോടിയില്‍ 50 ലക്ഷം വൈദ്യുതി ബോര്‍ഡിനും 75 ലക്ഷം വാട്ടര്‍ അതോറിറ്റി സ്വിവറേജ് ഡിവിഷനും 25 ലക്ഷം വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷനുമാണ് നല്‍കിയത്.
വൈദ്യുതി ബോര്‍ഡും സ്വിവറേജ്, വാട്ടര്‍സപ്ലൈ ഡിവിഷനുകളും അറ്റകുറ്റപ്പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുന്‍നിശ്ചയപ്രകാരം പൊങ്കാലയ്ക്കു മുമ്പു തന്നെ എല്ലാ പണികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇതുസംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവസാനഘട്ട അവലോകനയോഗം കളക്ടറുടെ അദ്ധ്യക്ഷതയില്‍ തിങ്കള്‍ ഫെബ്രുവരി 23 വൈകിട്ട് നടക്കും.
ഉത്സവ അവലോകനത്തിനായുള്ള നാലാമത്തെ യോഗമാണിത്. നേരത്തേ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എന്നിവരുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ മൂന്നു യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.