കൊലപാതകം കാമപൂര്‍ത്തികരണത്തിന്; സൗദി അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് കൈ കഴുകിയാലും പ്രതികളുടെ കൈയ്യിലെ ദുര്‍ഗന്ധം മാറില്ല- കോടതി

സ്‌ത്രീയെന്ന പരിഗണന മാനിച്ചാണ് രണ്ടാം പ്രതിയായ അനുശാന്തിക്ക് വധശിക്ഷ നല്‍കാത്തത്

  ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം , അനുശാന്തി , നിനോ , പൊലീസ് , കോടതി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (13:33 IST)
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസിലെ പ്രതികള്‍ കാമപൂര്‍ത്തീകരണത്തിനായിട്ടാണ് പിഞ്ചുകുഞ്ഞിനെയും വയോധികയെയും കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അവിഹിത ബന്ധത്തിനുള്ള തടസം നീക്കാനായിരുന്നു കൊലപാതകം. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് കൈ കഴുകിയാലും പ്രതികളുടെ കൈയ്യിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്‌ത്രീയെന്ന പരിഗണന മാനിച്ചാണ് രണ്ടാം പ്രതിയായ അനുശാന്തിക്ക് വധശിക്ഷ നല്‍കാത്തത്. എന്നാല്‍ ഇവര്‍ മാതൃത്വത്തിന് പോലും അപമാനമാണ്. ഒന്നാം പ്രതിയായ നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. കുഞ്ഞിനെക്കാള്‍ നീളമുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായാണ് ഒന്നാം പ്രതി കൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇരുവരും അമ്പതുലക്ഷം വീതം പിഴ ശിക്ഷയും വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ നിനോയുടെ ആക്രമണത്തില്‍ പരുക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ ലിജേഷിന്റെ പിതാവിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകം എന്ന പരാമര്‍ശത്തോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :