കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി കവർന്ന സംഭവത്തിൽ ഒരാൾ കീഴടങ്ങി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (17:27 IST)
പാലക്കാട്: കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി കവർന്ന സംഭവത്തിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. പത്തനംതിട്ട കോയിപ്പുറം ജിബ്രാൻ എന്ന വിഷ്ണു (28) ആണ് പാലക്കാട് ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ ജൂലൈ ഇരുപത്തിമൂന്നിനു ദേശീയ പാതയിൽ നരകംപുള്ളി പാലത്തിനടുത്തതാണ് കവർച്ച നടന്നത്. കാർ യാത്രക്കാർ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു. ഇവരെ ചരക്കു ലോറി കുറുകെയിട്ടു തടഞ്ഞ ശേഷം ആക്രമിച്ചു പണം കവരുകയായിരുന്നു.

പിന്നീട് കാറിലെ യാത്രക്കാരെ തൃശൂരിലും പാലക്കാട്ടുമായി റോഡിൽ തള്ളിയിട്ട ശേഷം കടന്നു കളഞ്ഞു. ഇയാളുടെ സുഹൃത്ത് പ്രശാന്ത് മുമ്പ് പിടിയിലായിരുന്നു. കേസിൽ ഇതുവരെയായി പതിമൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ നാല് വാഹനങ്ങളും 25 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ കീഴടങ്ങിയ പ്രതിയെ കസബ പോലീസ് ഇൻസ്‌പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോടതിയിലെത്തി കസ്റ്റഡിയിലെടുത്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :