കൊല്ലം|
സജിത്ത്|
Last Modified ബുധന്‍, 28 ഡിസംബര്‍ 2016 (12:23 IST)
കെ.മുരളീധരനെ രൂക്ഷമായി വിമർശിച്ച രാജ്മോഹന്‍ ഉണ്ണിത്താന്റെ വണ്ടി മുരളീധരന്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങലില്‍ പങ്കെടുക്കുന്നതിനായി കൊല്ലം ഡിസിസിയില്‍ എത്തിയതായിരുന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന് നേരെയുണ്ടായ കയ്യേറ്റത്തില്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കൂടാതെ പ്രവര്‍ത്തകള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഉണ്ണിത്താനെതിരെ മുദ്രാവാക്യവും മുഴക്കുകയും ചെയ്തു.
ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റുകയും കതക് അടച്ചു പൂട്ടുകയും ചെയ്തു. എന്നാല്‍ ഉണ്ണിത്താനെ പുറത്ത് കടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടരുകയാണ്. കെ മുരളീധരനെ വ്യക്തിപരമായ അധിക്ഷേപിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡിസിസി ഓഫീസില്‍ നിന്നും പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
കെ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതിരൂക്ഷമായ ഭാഷയിലുള്ള മറുപടിയുമായാണ് കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നത്. കെ മുരളീധരനെതിരെ താന്‍ സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോണ്‍ഗ്രസിനെ അധിക്ഷേപിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്നും ഉണ്ണിത്താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ രാജി വെക്കുന്നതായി അറിയിച്ച് അദ്ദേഹം കെപിസിസി പ്രസിഡന്റെ വിഎം സുധീരന് രാജിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.