ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തടവുശിക്ഷ അഞ്ച് വര്‍ഷമായി ഉയര്‍ത്തും; ഭേദഗതി ഉടന്‍

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (10:07 IST)
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കുള്ള തടവുശിക്ഷ അഞ്ച് വര്‍ഷമായി ഉയര്‍ത്തും. ഇതുസംബന്ധിച്ച് കരട് ഓര്‍ഡിനന്‍സ് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തെയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഓര്‍ഡിനന്‍സ് തയ്യാറാക്കുക.

നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍-നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തില്‍ വരുന്നത്. പുതിയ നിയമത്തില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കം ആശുപത്രി ജീവനക്കാര്‍ക്കെല്ലാം പരിരക്ഷ ലഭിക്കും. നിയമ, ആരോഗ്യ വകുപ്പുകള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷം കരട് അന്തിമമാക്കി അടുത്താഴ്ച മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കും.

നിലവിലുള്ള നിയമത്തില്‍ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ ആക്രമണങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വി.എസ്.ശിവകുമാര്‍ ആരോഗ്യമന്ത്രി ആയിരിക്കെ 2012 ലാണ് നിയമം കൊണ്ടുവന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :