അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ജൂലൈ 2024 (14:27 IST)
സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നിലവിലെ സാഹചര്യത്തില്‍ 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് ആവശ്യമാണെന്നും അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടൂതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ തന്നെ ധനമന്ത്രിയെ കാണുമെന്നും ജി ആര്‍ അനില്‍ ദില്ലിയില്‍ പറഞ്ഞു.
കേരളത്തിലെ പൊതുവിതരണ മേഖലയെ പറ്റിയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നും അനുകൂല സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് സെയിലില്‍ പങ്കെടുക്കാനുള്ള വിലക്ക് മാറ്റാമെന്ന് കേന്ദ്രം സമ്മതിച്ചു. ഓണവിപണിയില്‍ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈക്കോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക പരിമിതമാണ്. കുറഞ്ഞത് 500 കോടിയെങ്കിലും വേണം. വിതരണക്കാര്‍ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. സപ്ലൈക്കോയ്ക്ക് സാധനം നല്‍കിയാല്‍ പണം ലഭിക്കില്ല എന്ന തെറ്റിദ്ധാരണയുണ്ട്. നെല്‍ കര്‍ഷകരുടെ കുടിശ്ശിക നല്‍കി വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം വിള നെല്ലിന്റെ പണം മുഴുവനായി കൊടുത്തുതീര്‍ത്തെന്നും മന്ത്രി പറഞ്ഞു.