ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ജൂലൈ 2023 (08:07 IST)
ആര്‍ട്ടിസ്റ്റ് നമ്പൂതിരി(98) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.21ന് ആണ് മരണം. 1925 ല്‍ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ശ്രീദേവി അന്തര്‍ജ്ജനം. ചെറുപ്പത്തില്‍ സംസ്‌കൃതവും അല്‍പം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതല്‍ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം.
1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു.

എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകള്‍ക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകള്‍ക്കും നോവലുകള്‍ക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാര്‍ ആഗ്രഹിച്ചിരുന്നു.

അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശില്‍പങ്ങളും ചെയ്തിട്ടുണ്ട്
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :