iyer|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (17:13 IST)
സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന അദ്ധ്യാപകൻ പോലീസ് പിടിയിലായി. കീഴ്പയ്യൂർ എം.എൽ.പി സ്‌കൂൾ അദ്ധ്യാപകൻ ജലീൽ എന്ന മുപ്പത്തത്തഞ്ചു കാരനാണ് പയ്യോളി സി.ഐ ദിനേശ് കൊരോത്തിന്റെ വലയിലായത്.
മേപ്പയൂർ മെറാട്ടക്കുന്നത്ത് അബ്ദുല്ലയുടെ വീട്ടിൽ നിന്നാണ് മകനായ ജലീൽ പത്ത് ലക്ഷം രൂപയും തൊണ്ണൂറു പവന്റെ സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചത്. മോഷണം പിടികൂടാതിരിക്കാൻ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി, ഹാർഡ് ഡിസ്ക് എന്നിവയും കൊണ്ടുപോയി. കൂടാതെ മുറിയിൽ മുളകുപൊടിയും വിതറിയിരുന്നു.
ജലീലിന്റെ പിതാവായ അബ്ദുള്ള നേരത്തെ വിദേശത്തായിരുന്നു. അബ്ദുള്ള പുറത്തുപോയ തക്കം നോക്കിയായിരുന്നു ജലീൽ പണവും ആഭരണങ്ങളും കൊണ്ടുപോയത്. പിതാവിനോടുള്ള വൈരാഗ്യമാണ് ഇതിനു കാരണമെന്ന് ജലീൽ പോലീസിനോട് പറഞ്ഞു.
പിതാവിനൊപ്പം താമസിച്ചിരുന്ന ജലീലിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
പുറത്തുപോയിരുന്ന ജലീൽ
മാതാവ് പാത്തുമ്മ വീട്ടിനു പുറകുവശത്ത് വസ്ത്രം കഴുകുന്നതിനിടെ വീട്ടിലെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു ശേഷം ഫോൺ ബെൽ ശബ്ദം കേട്ട് വീട്ടിനുള്ളിൽ വന്ന പാത്തുമ്മയാണ് മോഷണം അറിഞ്ഞത്. തുടർന്ന് അബ്ദുള്ള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.