ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (12:46 IST)
നിയമ യുദ്ധങ്ങളില്‍ പരാജയപ്പെട്ട ആറന്മുള വിമാനത്താവളത്തിനായി വീണ്ടും കെജിഎസ് നീക്കം തുടങ്ങി. പദ്ധതിയ്ക്ക് പാരിസ്ഥികാനുമതിയ്ക്കായി കെജിഎസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുമ്പുളള അപേക്ഷയില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ തിരുത്തി, വികസിപ്പിച്ചാണ് കെജിഎസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.
എന്നാല്‍ പഴയ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ കമ്പനി വീണ്ടും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരുമായുളള സംയോജിതസംരംഭം എന്നാണ് അപേക്ഷയില്‍ പദ്ധതിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം. ആറന്മുള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പത്തുശതമാനം ഓഹരി ചൂന്‍ണ്ടിക്കാട്ടിയാണ് കെജിഎസ് ഇത് വ്യക്തമക്കിയിരിക്കുന്നത്. അപേക്ഷയില്‍ പദ്ധതിയെ പൊതുസ്വകാര്യപങ്കാളിത്തമുളള പദ്ധതിയെന്നാണ് വിശദീകരിച്ചിരിക്കുന്നത്.
അതേസമയം രണ്ടായിരം കോടി രൂപ മുതല്‍മുടക്കെന്ന് ആദ്യ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിച്ചെലവ് ഇപ്പോള്‍ കാണിച്ചിരിക്കുന്നത് 550 കോടി രൂപ മാത്രമാണ്.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ ആറന്മുളയല്ലാതെ 500 ഏക്കര്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു സ്ഥലം ലഭ്യമല്ലെന്നും മൂന്നിലൊന്നു മലയാളികള്‍ വിമാനയാത്ര നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ആറുകോടി ആളുകള്‍ വര്‍ഷം തോറും ശബരിമലയിലെത്തുന്നുവെന്നും കെജിഎസ് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അതുകൊണ്ട് കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ക്കു പുറമേ മറ്റൊരു വിമാനത്താവളം കൂടി മധ്യകേരളത്തില്‍ വേണമെന്നും അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്.
ആറന്മുള വിമാനത്താവളപദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചു കൊണ്ടുളള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു. ആറന്‍മുളയില്‍ പാരിസ്ഥിതികപഠനം നടത്തിയ ഏജന്‍സിക്ക് വേണ്ട യോഗ്യതയില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പദ്ധതിക്ക് കെജിഎസ് ഗ്രൂപ്പ് അനുമതി തേടിയതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കെജിഎസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു ഈ സുപ്രീംകോടതി ഉത്തരവ്. ഇതോടെ വിമാനത്താവളപദ്ധതിയുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പിന് മുന്നോട്ടുപോകാനുളള എല്ലാ വഴികളും അടഞ്ഞു.
അതേസമയം എല്ലാ വഴികളും അടച്ചിട്ടും വീണ്ടും പദ്ധതിയുമായി കെജിഎസ് മുന്നൊട്ട് പോകുന്നതില്‍ വിമാനത്താവളവിരുദ്ധ സ്മിതികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.ജി.എസ് പുതിയ അപേക്ഷ നല്‍കിയതിന് പിന്നില്‍ കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള ഉന്നതരുടെ പങ്ക് സംശയിച്ച് വിമാനത്താവള വിരുദ്ധ സമര ഏകോപന സമിതി രംഗത്തുവന്നു. ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കില്ലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ബി.ജെപി ഭരിക്കുമ്പോള്‍ ഉന്നതരുടെ ഉറപ്പില്ലാതെ കെ.ജി.എസ് വീണ്ടും അപേക്ഷ നല്‍കുമോയെന്ന സംശയമാണ് ഇപ്പോള്‍ വിമാനത്താവള വിരുദ്ധ ഏകോപന സമിതിയില്‍ ഉയരുന്നത്. ആറന്മുള സമരത്തിനു മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയത് സംഘപരിവര്‍ സംഘടനയായിരുന്നു.
ആറന്‍മുള വിമാനത്താവളപദ്ധതിക്ക് പാരിസ്ഥിതികാനുമതിക്കായി കെ ജി എസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ തിരുത്തിയാണ് പുതിയ അപേക്ഷ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. അതേ സമയം കെ.ജി.എസിന്റെ അപേക്ഷ നിരസിക്കണമെന്നാവശ്യപ്പെട്ട് പൈതൃക ഗ്രാമ കര്‍മ സമിതി പാരിസ്ഥിതാനുമതി സമിതിയെ സമീപിക്കും . സുപ്രീം കോടതി , ഹരിത ട്രൈബ്യൂണല്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണിത്. വിമാനത്താവളത്തിന് വീണ്ടും പാരിസ്ഥിതികാനുമതി നല്‍കണോ എന്ന കാര്യത്തില്‍ കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ വിദഗ്ധ സമിതിയാണ് ഇനി തീരുമാനമെടുക്കുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.