ന്യൂഡല്‍ഹി|
Last Modified ശനി, 27 ഡിസംബര്‍ 2014 (12:06 IST)
1994ല്‍ നിര്‍ത്തലാക്കിയ ഒരു രൂപ നോട്ടിനെ പുതിയ രൂപത്തിലും ഭാവത്തിലും തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പുതിയ ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കറന്‍സി ചട്ടങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു രൂപ നോട്ടിനെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്.
നോട്ടുകള്‍ വീണ്ടും സര്‍ക്കാര്‍ പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഒരു രൂപാ നാണയങ്ങള്‍ പുറത്തിറത്തിറക്കാന്‍ വേണ്ടി വരുന്ന ഉയര്‍ന്ന ചെലവും, ചില്ലറ ക്ഷാമമവുമായിരിക്കും ഇതിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. നാണയങ്ങള്‍ പുറത്തിറക്കുന്നതിനേക്കാള്‍ ചിലവ് കുറവാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. അതിനാലാകം ഇത്തരം ഒരു തീരുമാനം വന്നിരിക്കുന്നത്.
പുതിയ ഒരു രൂപ നോട്ടുകള്‍ പുതുവര്‍ഷത്തില്‍ വിപണിയിലെത്തിക്കാനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. മുന്‍കാലത്തെപ്പോലെ കേന്ദ്ര ധനകാര്യ സെക്രട്ടറി തന്നെയാണ് പുതിയ ഒരു രൂപാ നോട്ടിലും ഒപ്പുവയ്ക്കുന്നത്. മറ്റു നോട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഒരു രൂപാ നോട്ടുകള്‍ അടിച്ചിറക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇതില്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്ന് ഇംഗീഷിലും ഭാരത സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും എഴുതിയിട്ടുണ്ടാകും.
നിറത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നോട്ട് എത്തുന്നത്. പച്ചയും പിങ്കും കലര്‍ന്ന നിറത്തിലുള്ളതാണ് മുന്‍വശം. 1994ല്‍ മാത്രം 44 മില്യന്‍ ഒരു രൂപാ നോട്ടുകളാണ് അടിച്ചിറക്കിയത്. ഇവയില്‍ എത്രത്തോളം ഇപ്പോഴും വിപണിയിലുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ കണക്കുകളൊന്നുമില്ല.