ആലപ്പുഴ|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (11:19 IST)
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റദിവസത്തേക്കുള്ള മരുന്ന് എത്തിച്ചു തുടങ്ങി. 60 പേര്‍ക്ക് ഒരു ദിവസത്തേക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്. പുന്നമട, ചമ്പക്കുളം, നെടുമുടി, പുറക്കാട്, ഭഗവതിപ്പാടം മേഖലകളിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി താറാവിനെ കൊന്നൊടുക്കുന്നത്. എന്നാല്‍ ഇതിനെതിരായി താറാവ് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം തീരുമാനിക്കാതെ താറാവുകളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട കൂട്ടനശീകരണത്തിനെതിരെ താറാവ് കര്‍ഷകര്‍ വ്യക്തമാക്കി.
അതേസമയം, പക്ഷിപ്പനി പ്രതിരോധത്തിന് മരുന്നുക്ഷാമം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ആന്ധ്രയില്‍ നിന്ന് 4,000 കോഴ്സ് മരുന്ന് ഇന്നു തന്നെ എത്തിക്കും. 50,000 കോഴ്സ് മരുന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ മരുന്ന് രാവിലെ എത്തിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എട്ടുമണിയോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മരുന്നെത്താത്തത് നടപടികള്‍ വൈകിച്ചു.
പക്ഷിപ്പനി പ്രതിരോധത്തിന് പരമാവധി മരുന്നെത്തിക്കാന്‍ നിര്‍ദ്ദേശം ആരോഗ്യവകുപ്പ് സെക്രട്ടറി മരുന്നുത്പാദകര്‍ക്ക് നല്‍കി. ക്രിസ്മസ് സീസണ്‍ മുന്നില്‍ കണ്ട് വളര്‍ത്തിയിരുന്ന താറാവുകള്‍ പക്ഷിപ്പനി മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് താറാവ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.