'ആൻലിയയുടെ മരണം കൊലപാതകം തന്നെ, തെളിവുകൾ തന്റെ പക്കലുണ്ട്, ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും'

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (09:55 IST)
ആന്‍ലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ്. മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് പറഞ്ഞു.

ആൻലിയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തി എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വസ്തുതാ വിരുദ്ധമാണെന്ന് ആൻലിയയുടെ പിതാവ് നേരത്തേ തന്നെ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആവശ്യമെങ്കിൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പറഞ്ഞിരിക്കുന്നത്.

ആൻലിയയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണ്. സംഭവ ദിവസം തൃശൂർ റെയിൽ‌വേ സ്റ്റേഷനിലെ സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്നാണ് നേരത്തെ അറിയാൻ സാധിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ സംഭവ ദിവസം മാത്രം ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല എന്നാണ് റെയിൽ‌വേ വ്യക്തമാക്കിയിരിക്കുന്നത്.

അന്നേ ദിവസം സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്ന് സ്റ്റേഷനിലെ ഒരു ജീവനക്കാരി തന്നോട് പറഞ്ഞിരുന്നു.
പ്രതി ജെസ്റ്റിന്റെ പിതാവ് ആലപ്പുഴ റെയിൽ‌വേ സ്റ്റേഷനിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതാണ് എന്ന് സംശയം ഉണ്ട്.

മരിച്ച ദിവസം 4.28നാണ് ആൻലിയയുടെ ഫോണിൽനിന്നും അവസാനത്തെ കോൾ പോയിരിക്കുന്നത് എന്നാൽ തൃശൂരിലെ ഒരു വൈദികനുമായി സംസാരിക്കുന്നതിനിടെ 4.37 ജെസ്റ്റിന് ഒരു കോൾ വന്നിരുന്നു. ആൻലിയയാണ് വിളിക്കുന്നത് എന്നാണ് വൈദികനോട് പറഞ്ഞിരുന്നത്.

താൻ ചാടാൻ പോകുകയാണ് എന്ന് ആൻലിയ ഫോണിലൂടെ പറയുന്നതായും ജെസ്റ്റിൻ വൈദികനോട് പറഞ്ഞിരുന്നു. സംഭവ ദിവസം രാത്രി 11 മണിക്കാണ് ആൻലിയയെ കാണാനില്ല എന്ന് ജെസ്റ്റിൻ പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അപ്പോൾ ആൻലിയ വിളിച്ചിരുന്നതായോ, പറഞ്ഞ കാര്യങ്ങളോ ജെസ്റ്റിൻ പൊലീസിനോട് പറഞ്ഞിരുന്നില്ല.

ആൻലിയ ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്താനായി ജെസ്റ്റിൻ നടത്തിയ ഒരു നാടകമായിരുന്നു അതെന്നും ഹൈജെനിസ് പറയുന്നു, ജെസ്റ്റിന്റെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യങ്ങൾക്ക് എല്ലാം തെളിവ് ലഭിക്കും എന്നും ഹൈജെനിസ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :