ബെംഗളൂരു/ന്യൂഡല്‍ഹി|
Last Modified ശനി, 6 ജൂലൈ 2019 (19:52 IST)
ബിജെപിയിൽ ചേർന്നെന്ന പ്രചരണം ശക്തമായതോടെ പ്രതികരണവുമായി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ്. ബിജെപി അംഗത്വം എടുത്തിട്ടില്ല. എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. കായിക താരങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
വാർത്ത ഏജൻസികളിൽ വന്ന വാർത്ത തെറ്റാണ്. ബിജെപി വേദിയില്‍ പാര്‍ട്ടി പതാകയുമായി നില്‍ക്കുന്ന ഫോട്ടോ ഇവര്‍ കൊടുത്തിരുന്നു. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയത്ത് ബിജെപി പതാക നല്‍കി സ്വീകരിച്ചത്.
വേദിയിലേക്ക് കയറി വന്ന തന്റെ കയ്യിലേയ്ക്ക് കൊടി തരുകയായിരുന്നു. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയാണ് അവിടെ നടക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നു എന്നും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയ ആദ്യ കായികതാരം കൂടിയായ അഞ്ജു പറഞ്ഞു.
അഞ്ജു തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും മുരളീധരനും പറഞ്ഞു. എഎന്‍ഐ അടക്കമുള്ള വാര്‍ത്ത ഏജന്‍സികള്‍ അഞ്ജു ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.