ആശുപത്രി ബില്‍ അതിരുകടന്നു; കൊച്ചിയിൽ യുവാവ് ഡോക്ടറുടെ കാറും, ആശുപത്രിയും അടിച്ചുതകർത്തു

ബില്‍ തുക അധികമാണെന്ന് പറഞ്ഞ് സിജു ബില്ലടയ്ക്കാതെ ആശുപത്രിയില്‍ തന്നെ തങ്ങി.

Last Updated: ബുധന്‍, 8 മെയ് 2019 (08:48 IST)
ആശുപത്രി ബില്‍ കൂടിപ്പോയി എന്നാരോപിച്ച് സ്വകാര്യആശുപത്രിയില്‍ യുവാവിന്റെ അക്രമം. തൈക്കുടത്തെ ആശുപത്രിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മരട് അടിച്ചിയില്‍ സിജു ആന്റണി ആക്രമണം നടത്തിയത്. ആശുപത്രി ബില്‍ കൂടിപ്പോയി എന്നു
ആക്രമണസമയത്ത് ഇയാള്‍ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രണ്ടാമത്തെ പ്രസവത്തിനായി സിജുവിന്റെ ഭാര്യ റോഷ്‌നിയെ ഒരാഴ്ചമുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍കൂറായി 25,000 രൂപയും അടച്ചു. രണ്ട് ദിവസം മുന്‍പ് റോഷ്‌നി ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തിങ്കളാഴ്ച രാവിലെ ഇവര്‍ക്ക് വിടുതല്‍ നല്‍കി. 56,063 രൂപയുടെ ബില്ലാണ് അപ്പോൾ നൽകിയത്.

ബില്‍ തുക അധികമാണെന്ന് പറഞ്ഞ് സിജു ബില്ലടയ്ക്കാതെ ആശുപത്രിയില്‍ തന്നെ തങ്ങി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതുപ്രകാരം റോഷ്നിയുടെ പിതാവ് ബില്ലടയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇവര്‍ ആശുപത്രി വിടുകയും ചെയ്തു. പോകുന്നതിനിടെ ആശുപത്രി അധികൃതരോട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് സിജു മടങ്ങിയത്.

ഉച്ചയോടെ സിജു ഇരുമ്പുപൈപ്പുമായി തിരിച്ചെത്തുകയും ആശുപത്രിയുടെ മുന്‍വശത്തെ ചില്ലും വാതിലിന്റെ ഒരുപാളിയും ഡോക്ടറുടെ കാറിന്റെ മുന്‍വശത്തെ ചില്ലും അടിച്ചു തകർക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തല സ്വദേശിയുടെ കാറിന്റെ പിന്‍ചില്ലും അടിച്ചു തകര്‍ത്തു.

സിജു- റോഷ്‌നി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും പെണ്‍കുട്ടിയായിരുന്നു. രണ്ടാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞാണെന്നറിഞ്ഞതുമുതല്‍ സിജു തുടര്‍ച്ചയായി മദ്യപിച്ചിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :