മൊഫിയയോട് മോശമായി പെരുമാറിയ സിഐ സുധീർ ഉത്ര കേസിൽ വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (16:26 IST)
ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്‌ത മോഫിയ പർവീനിനോട് മോശമായി പെരുമാറിയ ആലുവ സിഐ
കേരളം ഏറെ ചർച്ച ചെയ്‌ത ഉത്ര കേസിലും വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥൻ. മുൻപ് രണ്ട് തവണ ജോലിയിൽ വീഴ്‌ച്ച വരുത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടി‌യും ഉണ്ടായിട്ടുണ്ട്.

ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്രാ കേസിൽ ഇയാളുടെ വീഴ്‌ച്ചയെ പറ്റിയുള്ള അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.

അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് മുൻപും സുധീർ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്ന് ശുപാർശ ചെയ്‌തിരുന്നു.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. പോലീസിൽ പരാതി നൽകാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും മരണത്തിന് സിഐ കൂടി ഉത്തരവാദിയാണെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :